കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി

കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി

അധിക ബില്‍ ഈടാക്കുന്നുവെന്ന ഹര്‍ജിയില്‍ കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിങ്ങിലെ  അശാസ്ത്രീയത ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ലോക്ഡൗൺ കാലത്തെ ഉയർന്ന വൈദ്യുതി ബിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വൈദ്യുതി ഉപയോഗം കൂടിയപ്പോൾ താരിഫ് മാറിയതോടെയാണ് പലർക്കും ബിൽ തുകയിൽ വലിയ വർധനയുണ്ടായത്. ലോക്ഡൗണിൽ മീറ്റർ റീഡിങ് എടുക്കാൻ വൈകിയതും ബിൽ തുക വർധിക്കാൻ കാരണമായി.

രണ്ടുമാസം കൂടുമ്പോൾ 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയും പിന്നീടുള്ള 100 യൂണിറ്റിന് 3.70 രൂപയുമാണു നിരക്ക്. ഉപഭോഗം 200 യൂണിറ്റ് കടന്നാൽ പിന്നീടുള്ള ഓരോ യൂണിറ്റിനും 4.80 രൂപയാകും. 300 യൂണിറ്റ് കടന്നാൽ 6.40 രൂപയും 400 യൂണിറ്റ് മുതൽ 500 യൂണിറ്റ് വരെ 7.60 രൂപയായും മാറും.

500 യൂണിറ്റ് കടന്നാൽ ആദ്യ യൂണിറ്റ് മുതൽ 5.80 രൂപ വച്ച് നിരക്ക് ഈടാക്കും. 600 യൂണിറ്റ് കടന്നാൽ ആദ്യ യൂണിറ്റ് മുതൽ ഓരോ യൂണിറ്റിനും 6.60 വച്ച് ഈടാക്കും. ഇത്തരത്തിൽ ഉപയോഗം കൂടുന്നതിനുസരിച്ചു സ്ലാബിലുണ്ടായ വ്യത്യാസമാണ് നിരക്ക് കൂടാൻ കാരണം. 500 യൂണിറ്റ് കടക്കുമ്പോഴാണ് നിരക്കിൽ വൻ വർധന വരുന്നത്. ഉദാഹരണത്തിന് രണ്ടുമാസം 500 യൂണിറ്റാണ് ഉപഭോഗമെങ്കിൽ 2565 രൂപ ഈടാക്കും. ഉപഭോഗം 501 യൂണിറ്റാണെങ്കിൽ ബിൽ 2905.80 രൂപയാകും.

English Summary: Kerala High Court seeks explanation from KSEB

Related post