പാലാരിവട്ടം പാലം പുനർനിർമാണത്തിനു  സർക്കാരിന്റെ പണം വേണ്ടിവരില്ല !

പാലാരിവട്ടം പാലം പുനർനിർമാണത്തിനു സർക്കാരിന്റെ പണം വേണ്ടിവരില്ല !

പാലാരിവട്ടം പുനർനിർമാണത്തിനു സംസ്ഥാന സർക്കാർ ഡൽഹി മെട്രോ റെയിൽ കോർപറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ച ഇ. ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയിൽ ഡിഎംആർസി പണിത 4 പാലങ്ങൾ എസ്റ്റിമേറ്റ് തുകയെക്കാൾ കുറഞ്ഞ സംഖ്യക്കു പൂർത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച് പാലാരിവട്ടം പാലം നിർമിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇന്നലെ വിളിച്ചപ്പോൾ മുഖ്യമന്ത്രിയെയും അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് ഇ. ശ്രീധരൻ നിർമാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. ഡിഎംആർസി കേരളത്തിലെ പ്രവർത്തനം ഈ മാസം 30ന് അവസാനിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇ. ശ്രീധരൻ സൂചിപ്പിച്ചിരുന്നു. ‘‘ഇന്നലെ മുഖ്യമന്ത്രി  വിളിച്ചപ്പോഴും സാങ്കേതികമായും ആരോഗ്യപരമായുമുള്ള പ്രയാസങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഡിഎംആർസിയുടെ നേതൃത്വത്തിൽ പാലം പുനർനിർമിക്കുന്നതാണു നല്ലതെന്നും സഹായിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി’’

ജനങ്ങൾക്കും നാടിനും വേണ്ടി ഈ ചുമതല കൂടി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഎംആർസിയിൽ നിന്നു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനിലേക്കു പോയ ചീഫ് എൻജിനീയർ കേശവ് ചന്ദ്രനെ ഡപ്യൂട്ടേഷനിൽ തിരികെ കൊണ്ടുവരാനും നിർമാണക്കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി എത്രയും വേഗം പണിയാരംഭിക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നും 8 – 9 മാസത്തിനകം പാലം തുറന്നു കൊടുക്കാനാവുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.

Related post