പാലരിവട്ടം മേൽപാലം പുനർനിർമാണ ജോലികൾ ഇന്നു തുടങ്ങും.

പാലരിവട്ടം മേൽപാലം പുനർനിർമാണ ജോലികൾ ഇന്നു തുടങ്ങും.

പാലരിവട്ടം മേൽപാലം പുനർനിർമിക്കുന്നതിന്റെ പ്രാരംഭ ജോലികൾ ഇന്നു തുടങ്ങും. പാലത്തിൽ നിന്നു യന്ത്ര സഹായത്തോടെ ടാർ ഇളക്കി മാറ്റുന്ന പണികളാണു രാവിലെ 9 മുതൽ നടക്കുക. ഗതാഗത നിയന്ത്രണം സംബന്ധിച്ചു തീരുമാനമെടുക്കാൻ  ട്രാഫിക് പൊലീസ് സ്ഥലം സന്ദർശിക്കും. പകലും രാത്രിയും ജോലി നടക്കുമെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു.

പാലത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽ ഇടില്ല. അത് സൗകര്യപ്രദമായ സ്ഥലത്ത് നിക്ഷേപിക്കും. പൊളിക്കുന്ന ഗർഡറുകൾ ചെല്ലാനത്തു കടൽ ഭിത്തി നിർമാണത്തിനു ഉപയോഗിക്കാനുളള സാധ്യത ആരായണമെന്നു കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയോടു മന്ത്രി നിർദേശിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പുനർനിർമാണം. പാലം പുനർനിർമാണം തടഞ്ഞുള്ള ഹൈക്കോടതി വിധി ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ പാലം പണി തീർന്നു ജനങ്ങൾക്കു സൗകര്യമായി സഞ്ചരിക്കാൻ കഴിയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം  മേൽപാലം പൊളിക്കാൻ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കില്ല. ഗർഡർ അറുത്തു മാറ്റാനുളള യന്ത്ര സംവിധാനം കൊച്ചിയിൽ തന്നെ ലഭ്യമാണെന്ന് അധികൃതർ പറഞ്ഞു. പൊടി ശല്യം ഒഴിവാക്കാൻ പാലത്തിന്റെ ഇരുവശവും നെറ്റ് ഇട്ടു മറയ്ക്കും. കോട്ടയം നാഗമ്പടം റെയിൽവേ മേൽപാലം മുറിച്ചു മാറ്റിയതു പോലെ ഇവിടെയും സ്പാനുകൾ കഷ്ണങ്ങളാക്കി മുറിച്ചു ക്രെയിൻ ഉപയോഗിച്ചു താഴെ എത്തിക്കും.

ഘട്ടം ഘട്ടമായാണു പാലത്തിന്റെ മുകൾ ഭാഗം പൊളിക്കുന്ന ജോലികൾ. പ്രധാന ജോലികൾ രാത്രിയിലാകും. പൊളിക്കൽ മധ്യഭാഗത്ത് എത്തുന്നതോടെ പാലത്തിനടിയിലൂടെയുളള ഗതാഗതം നിരോധിക്കും. പൊളിക്കുന്നതോടൊപ്പം തന്നെ പാലത്തിനടിയിൽ തൂണുകളുടെ കോൺക്രീറ്റ് ജാക്കറ്റിങ് ജോലികളും പാലത്തിനു മുകളിൽ വയ്ക്കാനുളള പിഎസ്‌സി ഗർഡറുകളുടെ നിർമാണവും ആരംഭിക്കും.

English Summary: palarivattom bridge works starts today

Related post