ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം നീക്കം ചെയ്തു

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം നീക്കം ചെയ്തു

ടെക് ലോകത്തെ അതിശയിപ്പിക്കുന്ന ഒരു നീക്കത്തിലൂടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്ലിക്കേഷൻ പിൻവലിച്ചു. ഏതെങ്കിലും ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. ഇത് സംബന്ധിച്ച് വ്യക്തതയ്ക്കായി ദേശീയ മാധ്യമങ്ങൾ പേടിഎമ്മിനെ സമീപിച്ചെങ്കിലും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

‘ഇന്ത്യ‌യിലെ ഞങ്ങളുടെ പ്ലേസ്റ്റോർ ചൂതാട്ട നയങ്ങൾ മനസിലാക്കുക’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച ഗൂഗിൾ ബ്ലോഗ് പോസ്റ്റുചെയ്തിരുന്നു. ഇന്ത്യയിൽ ചൂതാട്ടത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന അത്തരം ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എടുത്തുകാണിക്കുന്നുണ്ട് ബ്ലോഗിൽ.

‘ഞങ്ങളുടെ ഉപയോക്താക്കൾക്ക് സുരക്ഷിത സേവനം നൽകുന്നതിനാണ് ഗൂഗിൾ പ്ലേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒപ്പം ഡെവലപ്പർമാർക്ക് സുസ്ഥിര ബിസിനസുകൾ നിർമിക്കുന്നതിന് ആവശ്യമായ പ്ലാറ്റ്ഫോമും ഉപകരണങ്ങളും നൽകുന്നു. ഞങ്ങളുടെ ആഗോള നയങ്ങൾ എല്ലായ്പ്പോഴും രൂപകൽപ്പന ചെയ്തിരിക്കുന്നത് ആ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ടാണ്, ഞങ്ങളുടെ എല്ലാ പങ്കാളികളുടെയും നല്ലത് കണക്കിലെടുത്താണിത്’– ഗൂഗിളിന്റെ ബ്ലോഗിൽ പറയുന്നു.

ആപ്ലിക്കേഷനിലൂടെ ലഭ്യമായ ഓൺലൈൻ കാസിനോകളുടെ പ്രശ്നം ഉയർത്തിക്കാട്ടിക്കൊണ്ട്, ഉൽപ്പന്നം, ആൻഡ്രോയ്ഡ് സുരക്ഷ, സ്വകാര്യത എന്നിവയുടെ വൈസ് പ്രസിഡന്റ് ഗൂഗിളിന്റെ സുസെയ്ൻ ഫ്രേ പറയുന്നത്, ‘ഞങ്ങൾ ഓൺലൈൻ കാസിനോകളെ അനുവദിക്കുകയോ സ്പോർട്സ് വാതുവെപ്പ് സുഗമമാക്കുന്ന അനിയന്ത്രിതമായ ചൂതാട്ട അപ്ലിക്കേഷനുകളെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. യഥാർഥ പണമോ മറ്റു സമ്മാനങ്ങളോ നേടാൻ പണമടച്ചുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന ബാഹ്യ വെബ്‌സൈറ്റിലേക്ക് ഒരു അപ്ലിക്കേഷൻ ഉപഭോക്താക്കളെ നയിക്കുന്നുവെങ്കിൽ അത് ഞങ്ങളുടെ നയങ്ങളുടെ ലംഘനമാണ്.’

Related post