പൗരത്വ നിയമത്തിനെതിരെ  റാലിയിൽ പങ്കെടുത്തതിന് യുവാവിനു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്  നിഷേധിച്ചു

പൗരത്വ നിയമത്തിനെതിരെ റാലിയിൽ പങ്കെടുത്തതിന് യുവാവിനു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു

പൗരത്വ നിയമത്തിനെതിരെ മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ തൊഴിലന്വേഷകനായ യുവാവിനു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിഷേധിച്ചു. സംഭവം അറിഞ്ഞു വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ അടക്കം ഒട്ടേറെയാളുകൾ പ്രതിഷേധവുമായി രാത്രി പൊലീസ് സ്റ്റേഷനിലെത്തി. 20 വർഷത്തിനു ശേഷമാണ് താൻ പൊലീസ് സ്റ്റേഷൻ കയറുന്നതെന്നു പറഞ്ഞ് എംഎൽഎ രോഷാകുലനായതോടെ അന്തരീക്ഷം സംഘർഷഭരിതമായി.

അതോടെ പൊലീസ് നിലപാടു മാറ്റുകയും ഇന്നു രാവിലെ പിസിസി നൽകാമെന്നു സമ്മതിക്കുകയും ചെയ്ത് പ്രശ്നം അവസാനിപ്പിച്ചു. അൻവർ സാദത്ത് എംഎൽഎയും വിഷയത്തിൽ ഇടപെട്ടു. യുസി കോളജിനു സമീപം കടൂപ്പാടം തൈവേലിക്കകത്ത് ടി.എം. അനസിനാണ് ആലുവ ഈസ്റ്റ് പൊലീസ് പിസിസി നിഷേധിച്ചത്. മെക്കാനിക്കൽ ഡിപ്ലോമക്കാരനായ അനസ് കൊച്ചി ഷിപ്‌യാഡിൽ കരാറുകാരന്റെ കീഴിൽ ജോലി ചെയ്യുന്നതിനു വേണ്ടി ചൊവ്വാഴ്ച പിസിസിക്ക് അപേക്ഷിച്ചിരുന്നു. ഇന്നലെ വൈകിട്ടു സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോഴാണ് തരാൻ പറ്റില്ലെന്ന് പൊലീസ് അറിയിച്ചത്. 

ക്രിമിനൽ കേസുകളിലൊന്നും പ്രതിയല്ല അനസ്. അപേക്ഷ സ്വീകരിച്ച എസ്ഐ പൗരത്വ നിമയത്തിനെതിരായ റാലിയിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് അനസിനോടു ചോദിച്ചിരുന്നു. വെളിയത്തുനാട് മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി യുസി കോളജ് പരിസരത്തു നിന്ന് ആലങ്ങാട്ടേക്കു സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തെന്ന് അനസ് മറുപടി നൽകി.  പൗരത്വ നിയമത്തിനെതിരെ റാലിയിൽ പങ്കെടുത്തതിനാൽ പിസിസി കൊടുക്കേണ്ടതില്ലെന്ന് അനസിന്റെ അപേക്ഷ പരിശോധിച്ച ഉദ്യോഗസ്ഥൻ കുറിച്ചതാണ് സർട്ടിഫിക്കറ്റ് നിഷേധിക്കാൻ കാരണം. അതേസമയം‌ പിസിസി കൊടുക്കില്ലെന്നു പറഞ്ഞിരുന്നില്ലെന്നു പൊലീസ് അറിയിച്ചു.

Related post