കൊച്ചിയുടെ സൗന്ദര്യം നുകർന്ന് രാഷ്ട്രപതി

കൊച്ചിയുടെ സൗന്ദര്യം നുകർന്ന് രാഷ്ട്രപതി

വേമ്പനാട് കായലിന്റെ സൗന്ദര്യം നുകർന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്എഐഎൻസി) ഉല്ലാസ നൗകയായ നെഫർറ്റിറ്റിയിലാണ് രാഷ്ട്രപതിയും കുടുംബവും കായൽ സൗന്ദര്യം നുകർന്ന് യാത്ര നടത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും ഒപ്പമുണ്ടായിരുന്നു.

കൊച്ചി നഗരം, ഫോർട്ട് കൊച്ചി, മുസിരിസ് തുടങ്ങിയ കാര്യങ്ങൾ രാഷ്ട്രപതിക്ക് കെഎസ്എഐഎൻസി മാനേജിങ് ഡയറക്ടർ പ്രശാന്ത് നായർ വിശദീകരിച്ചു നൽകി. ‘‘അദ്ദേഹം തീർത്തും ഉല്ലാസവാനായിരുന്നു. കൊച്ചി തുറമുഖത്തിന്റെ ചരിത്രവും നെഫർറ്റിറ്റിയുടെ പ്രത്യേകതകളും ചീനവലയുടെ കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരം ഒരു നൗകയുള്ളതിൽ സന്തോഷം പ്രകടിപ്പിച്ചു’’. പ്രശാന്ത് നായർ പറഞ്ഞു.

പാലക്കാട് സ്വദേശിയായ അർജുൻ എന്ന ഗായകന്റെ ലൈവ് ഷോയും നൗകയുടെ ഡെക്കിൽ ഒരുക്കിയിരുന്നു. രാഷ്ട്രപതിയും കുടുംബവും ആവശ്യപ്പെട്ടതും അല്ലാത്തതുമായ ഹിന്ദി ഗാനങ്ങൾ അർജുൻ പാടി. കടലിന്റെയും അസ്തമയത്തിന്റെയും പശ്ചാത്തലത്തിൽ ഹിന്ദി മെലഡി ഗാനങ്ങൾ രാഷ്ട്രപതി നന്നായി ആസ്വദിച്ചതായി പ്രശാന്ത് നായർ പറഞ്ഞു. ഇന്നലെ നൗകയിൽ തന്നെ താമസിച്ചാലോ എന്നു തമാശ രൂപേണ രാഷ്ട്രപതി പറയുകയും ചെയ്തു.

Related post