റയില്‍വേ സ്റ്റേഷനുകളില്‍ ഇനി ‍റെന്റ് എ കാറും

റയില്‍വേ സ്റ്റേഷനുകളില്‍ ഇനി ‍റെന്റ് എ കാറും

സംസ്ഥാനത്തെ നാല് റയില്‍വേ സ്റ്റേഷനുകളില് ‍’റെന്റ് എ കാർ’ സംവിധാനം ആരംഭിക്കുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള തിരുവനന്തപരം സെന്‍ട്രല്‍, എറണാകുളം ജംക്ഷന്‍, എറണാകുളം ടൗണ്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതിക്ക് തുടക്കമായത്. റയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാർക്ക് കാറുകള്‍ വാടകയ്ക്കെടുത്ത് വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ ഉപകരിക്കുന്നതാണ് പദ്ധതി .

ഇനിമുതല്‍ റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ടാക്സികായി കാത്തുനില്‍ക്കേണ്ട. നിങ്ങളെ കാത്ത് വിവിധ മോഡലുകളിലുള്ള ഈ കാറുകളുണ്ട്. ഓരോ സ്റ്റേഷനുകളിലും 5 കാറുകളാണുള്ളത്. പണവും രേഖകളും നല്‍കി ഇഷ്ടമുള്ള കാര്‍ തിരഞ്ഞെടുക്കാം. കാറോടിച്ച് ഇഷ്ടമുള്ളിടത്തേക്ക് പോകാം. ഉപയോഗശേഷം വാഹനം റെന്റ് എ കാര്‍ സംവിധാനമുള്ള 4 സ്റ്റേഷനുകളിൽ ഏതെങ്കിലുമൊന്നിൽ എത്തിച്ചാൽ മതിയാകും.  5000 രൂപ മുൻകൂറായി അടയ്ക്കണം. പ്രീ ഓതറൈസ്ഡ് ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് പണം മുന്‍കൂറായി നല്‍കേണ്ടതുമില്ല. അഞ്ച് മണിക്കൂര്‍ വരെയുള്ള യാത്രകള്‍ക്ക് മണിക്കൂറിന് അറുപത് രൂപയാണ് വാടക. ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ വാടക ആയിരം രൂപയും. 

കമ്പനിയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി കാര്‍ ബുക്ക് ചെയ്യാനും പണമടക്കാനും സൗകര്യമുണ്ട്. ഇൻഡസ് ഗോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയമായാല്‍ സംസ്ഥാനത്തെ മറ്റ് സ്റ്റേഷനുകളില്‍ കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.

Related post