അത്യപൂർവ ഗ്രൂപ്പ് രക്തം എത്തിച്ചു, അനുഷ്കയ്ക്ക്  ശസ്ത്രക്രിയ നാളെ

bloodbag 0001

അത്യപൂർവ ഗ്രൂപ്പ് രക്തം എത്തിച്ചു, അനുഷ്കയ്ക്ക് ശസ്ത്രക്രിയ നാളെ

കാത്തിരിപ്പിനൊടുവിൽ ‘പി നൾ’ ഗ്രൂപ്പ് രക്തമെത്തി. അഞ്ചു വയസ്സുകാരി അനുഷ്കയ്ക്കു നാളെ ശസ്ത്രക്രിയ. പി നൾ ഫെനോടൈപ്പ് അല്ലെങ്കിൽ പിപി എന്ന അത്യപൂർവ രക്തഗ്രൂപ്പിനായി രാജ്യാന്തര തലത്തിൽ നടന്ന വ്യാപക അന്വേഷണത്തിനൊടുവിലാണ് മഹാരാഷ്ട്രയിലെ നാസിക്കിൽ രക്ത ദാതാവിനെ കണ്ടെത്തിയത്.  ഇദ്ദേഹം നൽകിയ രക്തം അവിടെ നിന്നു മുംബൈയിലും വെള്ളിയാഴ്ച രാത്രി വൈകി വിമാന മാർഗം കൊച്ചിയിലുമെത്തിച്ചു.

രാജ്യമെമ്പാടുമുള്ള രക്തദാതാക്കളുടെ സംഘടനകളുടെ രണ്ടാഴ്ചത്തെ പരിശ്രമമാണ് ഫലം കണ്ടത്. ഗുജറാത്തിൽ സ്ഥിര താമസമാക്കിയ മലപ്പുറം സ്വദേശി സന്തോഷിന്റെ മകളാണ് അനുഷ്ക. വീടിന്റെ ഒന്നാം നിലയിൽ നിന്നു വീണു തലയ്ക്കു പരുക്കേറ്റ് അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള അനുഷ്കയുടെ  തലയോട്ടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് രക്തം. ഒരു വർഷം മുൻപു ഗുജറാത്തിൽ വച്ചായിരുന്നു അപകടം.

അവിടെ ശസ്ത്രക്രിയയ്ക്കും ഏറെ ചികിത്സകൾക്കു വിധേയയായ അനുഷ്കയെ അണുബാധയെ തുടർന്നാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ഘട്ടമായി ചെറിയ ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രധാന ശസ്ത്രക്രിയയ്ക്കു രക്തം വേണമെന്നതിനാൽ സമൂഹ മാധ്യമങ്ങളിലൂടെയും രക്ത ബാങ്കുകളുമായി ബന്ധപ്പെട്ടും ലോകവ്യാപകമായി അന്വേഷണം നടത്തുകയായിരുന്നു. 

മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ നാളെ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാരുടെ തീരുമാനം. രാജ്യത്ത് അനുഷ്ക ഉൾപ്പെടെ 2 പേരിൽ മാത്രമാണ് ഈ രക്തം കണ്ടെത്തിയിരുന്നത്. ഇതിനാൽ വിദേശ രാജ്യങ്ങളിലായിരുന്നു കൂടുതലും അന്വേഷണം. രക്തം തേടിയുള്ള അഭ്യർഥന സമൂഹമാധ്യമങ്ങളിൽ  വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ഒടുവിൽ, രാജ്യത്തു നിന്നുതന്നെ ഇതേ രക്ത ഗ്രൂപ്പിലെ ഒരാളെക്കൂടി കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് ബ്ലഡ് ഡോണേഴ്സ് കേരള ഉൾപ്പെടെയുള്ള രക്തദാതാക്കളുടെ സംഘടനകൾ.

English Summary: The extraordinary group has brought blood, Anushka has surgery tomorrow

Related post