ജോലി വാഗ്ദാനം നൽകി പണം തട്ടി. ഏജൻസിയുടെ തട്ടിപ്പിനെതിരെ പരാതി

ജോലി വാഗ്ദാനം നൽകി പണം തട്ടി. ഏജൻസിയുടെ തട്ടിപ്പിനെതിരെ പരാതി

കൊച്ചി പനമ്പള്ളിനഗറിൽ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ ജോർജ് ഇന്റർനാഷനലിലെ പ്രതികൾ നിലവിൽ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സ്ഥാപനത്തിന്റെ ലൈസൻസുള്ളത് കണ്ണൂർ ഇരിട്ടി സ്വദേശി ലിസി ജോർജിനാണ്. നേരത്തെ ഇവരുടെ ഭർത്താവ് ജോർജ് നടത്തിയിരുന്ന സ്ഥാപനം അദ്ദേഹത്തിന്റെ മരണത്തോടെ തൊടുപുഴ സ്വദേശി ഉദയൻ, കോട്ടയം സ്വദേശികളായ ജയ്സൺ, വിൻസെന്റ് മാത്യു, ഇടുക്കി സ്വദേശി വിനീത വർഗീസ് എന്നിവർക്ക് നടത്തുന്നതിന് കരാർ കൊടുത്തിരിക്കുകയാണ്. ഇതിനിടെ സ്ഥാപനം നടത്താൻ ഏറ്റവർ നിലവിൽ ഉദ്യോഗാർഥികളിൽനിന്ന് പണം വാങ്ങി തട്ടിപ്പു നടത്തിയശേഷം മുങ്ങുകയായിരുന്നു എന്നാണ് പരാതി.

പരാതിക്കാർ ഓഫിസിലെത്തി പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതോടെ ലൈസൻസ് ഉടമ സ്ഥാപനം നടത്തുന്നതിന് പൊലീസ് സുരക്ഷ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും കോടതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉദ്യോഗാർഥികൾ എത്തിയപ്പോൾ സ്ഥാപനത്തിലേയ്ക്ക് പ്രവേശിക്കാനാകാതെ പൊലീസ് ഇവരെ തടയുകയും ചെയ്തിരുന്നു. എന്നാൽ ലൈസൻസ് ഉടമയും കേസിലെ പ്രതിയാണെന്നു കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ കഴിഞ്ഞ ദിവസം കോടതി വാദം കേൾക്കുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

പരാതിക്കാരായ ഉദ്യോഗാർഥികളെ ഓഫിസിലേക്കു വിളിച്ചു വരുത്തിയത് തട്ടിപ്പു നടത്തിയവർ തന്നെയാണെന്നാണു മനസിലായതെന്ന് പൊലീസ് പറയുന്നു. ഇവിടെ വന്നാൽ പണം നൽകാമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. സ്ഥലത്തെത്തിയപ്പോൾ ലൈസൻസ് ഉടമയയോ നടത്തിപ്പുകാരോ സ്ഥലത്തില്ലെന്നും പൊലീസ് ഓഫിസിൽ പ്രവേശിപ്പിക്കാതെ തടഞ്ഞതായും ഉദ്യോഗാർഥികൾ പറയുന്നു. ഇവിടെ എത്തിയപ്പോഴാണ് ഇത്രയേറെ പേർ തട്ടിപ്പിന് ഇരയായ വിവരം അറിയുന്നതെത്. സംഘടിച്ച് തട്ടിപ്പിനെതിരെ നിൽക്കുന്നതിനാണ് തീരുമാനം, കഴിഞ്ഞ ദിവസവും പത്ര പരസ്യം നൽകി സ്ഥാപനം ഉദ്യോഗാർഥികളെ വരുത്തി പണം സ്വീകരിച്ചതായും തെളിവുണ്ട്. ഇനി തട്ടിപ്പു തുടരാൻ അനുവദിക്കില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.

Related post