പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂർ (67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെത്തുടർന്നാണ് ഇന്നലെ ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘മേരാ നാം ജോക്കർ’ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള ദേശീയപുരസ്കാരം നേടി. പ്രശസ്ത ചിത്രങ്ങൾ: ബോബി, ഹം കിസീ സെ കം നഹി, അമർ അക്ബർ ആന്റണി, സർഗം.

2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്  ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയിൽ മടങ്ങിയെത്തിയതിനു പിന്നാലെ വൈറൽ പനി ബാധയെത്തുടർന്ന് ആശുപത്രിയിലായ അദ്ദേഹം കുറച്ചുദിവസത്തിനകം ആശുപത്രി വിട്ടിരുന്നു.

സമൂഹമാധ്യമത്തിൽ ഏറെ സജീവമായ ഋഷി കപൂറിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏപ്രിൽ രണ്ടു മുതൽ പുതിയ പോസ്റ്റുകൾ വന്നിരുന്നില്ല. ‘ദ് ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനൊരുങ്ങുകയാണെന്ന് അദ്ദേഹം അടുത്തിടെ അറിയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോളിവുഡ് ത്രില്ലർ ചിത്രം ‘ദ് ബോഡി’യിലാണ് അദ്ദേഹം ഈയടുത്ത് അഭിനയിച്ചത്.

Related post