സൈക്കിളിൽ സഞ്ചരിക്കവേ ടിപ്പർ ലോറിയിടിച്ചു കുട്ടി മരിച്ചു

സൈക്കിളിൽ സഞ്ചരിക്കവേ ടിപ്പർ ലോറിയിടിച്ചു കുട്ടി മരിച്ചു

സൈക്കിളിൽ പോകുകയായിരുന്ന ബാലൻ വീടിനടുത്തുവെച്ച് എതിർദിശയിൽ നിന്നെത്തിയ ടിപ്പർ ലോറിയിടിച്ചു മരിച്ചു.  പനയക്കടവ് കുഴിക്കണ്ടത്തിൽ ജിന്നാസിന്റെയും സബീനയുടെയും മകൻ മുഹമ്മദ് ജസീം (9) ആണ് ലോറിക്കടിയിൽപ്പെട്ടു തൽക്ഷണം മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ പനയക്കടവ്–തലക്കൊള്ളി റോഡിലാണ് അപകടം.

തലക്കൊള്ളി ഭാഗത്തു നിന്ന് സിമന്റിഷ്ടികയും കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. തലക്കൊള്ളി പാലത്തിൽ നിന്നുള്ള ഇറക്കത്തിൽ ഇടുങ്ങിയ റോഡിലൂടെ അമിത വേഗത്തിലാണ് ലോറിയെത്തിയത്.  നേരേയുള്ള റോഡിൽ എതിർദിശയിൽ നിന്നു സൈക്കിളിൽ വരികയായിരുന്ന ജസീമിനെ ദൂരത്തു നിന്നേ കാണാമായിരുന്നെങ്കിലും ലോറിയുടെ വേഗം കുറച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതേ സമയം റോഡിലെ കുഴി ഒഴിവാക്കാൻ ലോറി പെട്ടെന്ന് വലതുവശത്തേക്ക് വെട്ടിച്ചപ്പോഴാകാം ജസീമിന്റെ സൈക്കിളിലിടിച്ചതെന്നും കരുതുന്നു.

സൈക്കിൾ മറിഞ്ഞ് താഴെ വീണ ജസീമിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. ചെങ്ങമനാട് കവലയിൽ നിന്ന് നോട്ട്ബുക്ക് വാങ്ങി തിരികെ വീട്ടിലേക്കു വരുമ്പോഴാണ് ജസീം അപകടത്തിൽപ്പെട്ടത്. സംസ്കാരം നടത്തി. അങ്കമാലി ഹോളിഫാമിലി സ്കൂൾ നാലാംക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരി സയാന. ഡ്രൈവറെയും ലോറിയും ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Related post