ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്കു പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് കോടതി സ്റ്റേ. ജീവനക്കാരും സംഘടനകളും സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

ഉത്തരവിനു നിയമത്തിന്റെ പിൻബലം പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്നു കോടതി പറഞ്ഞു. പിടിക്കുന്ന തുക എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ ഉത്തരവിൽ അവ്യക്തതയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഉത്തരവിൽ പറയുന്നതു ശമ്പളം പിടിച്ചുവയ്ക്കാൻ കാരണമല്ലെന്നും ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ശമ്പളം നൽകുന്നത് മാറ്റിവയ്ക്കുന്നത് ശമ്പളം നിരസിക്കുന്നതിനു തുല്യമാണ്.

ജീവനക്കാരിൽനിന്നു ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം‍. സാലറി കട്ടല്ല, താൽക്കാലികമായ മാറ്റിവയ്ക്കലാണ് ഇതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് വാദിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് 8000 കോടി രൂപ ആവശ്യമുണ്ട്.

എന്നാൽ അത് ശമ്പളം നൽകുന്നതു മാറ്റിവയ്ക്കാനുള്ള ന്യായീകരണമെല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പിടിക്കുന്ന തുക എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ ഉത്തരവിൽ അവ്യക്തതയുണ്ട്. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോവിഡ് ദുരന്ത നിവാരണത്തിനാണോ പണം ഉപയോഗിക്കുകയെന്ന് കോടതി ചോദിച്ചു. ദുരന്ത നിവാരണ നിയമം അനുസരിച്ചും പകർച്ച വ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ലെന്നും കോടതി വിശദീകരിച്ചു. കോടതി ഉത്തരവിനെതിരെ സർക്കാരിന് അപ്പീൽ നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related post