ചെല്ലാനത്ത് വലിയ കടൽക്ഷോഭം

ചെല്ലാനത്ത് വലിയ കടൽക്ഷോഭം

തീരത്ത് പരക്കെ നാശമുണ്ടാക്കിയും തീരദേശവാസികളെ ദുരിതത്തിലാക്കിയും രണ്ടു ദിവസമായി ചെല്ലാനത്ത് കടൽക്ഷോഭം തുടരുകയാണ്. ഈ സീസണിലെ ഏറ്റവും വലിയ കടൽക്ഷോഭമാണ് അനുഭവപ്പെട്ടത്. കടൽഭിത്തി തകർന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന മണൽ നിറച്ച ജിയോ ബാഗുകളെല്ലാം തന്നെ കടലെടുത്തു. കടൽവെള്ളം വീടുകളിലേക്ക് ഇരച്ചു കയറുകയാണ്. ബസാർ, മറുവക്കാട്, കമ്പനിപ്പടി, മാലാഖപ്പടി, കണ്ടക്കടവ്, കണ്ണമാലി, ചെറിയകടവ് എന്നിവിടങ്ങളിൽ സ്ഥിതി ദയനീയം. നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി.

വീടിനകം ചെളിയും മാലിന്യവും നിറഞ്ഞ നിലയിലാണ്. പഞ്ചായത്തിൽ കോവിഡ് പടർന്നുപിടിക്കുന്നതിനാൽ പലരും വീടുവിട്ടിറങ്ങാൻ തയാറല്ല. വീടുകളുടെ ടെറസിനു മുകളിൽ കുടുംബങ്ങൾ അഭയംതേടിയിരിക്കുകയാണ്. ബസാർ പ്രദേശം പൂർണമായി കടൽ വെള്ളത്തിൽ മുങ്ങി. ഇത്രയും വലിയ കടൽക്ഷോഭം ഇതാദ്യമാണെന്നു നാട്ടുകാർ പറയുന്നു. കൂടാതെ കടകളിലും വെള്ളം കയറിയതോടെ ആവശ്യവസ്തുക്കൾ ലഭിക്കുന്നില്ല. വീടുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും കടലെടുത്തതിനാൽ ഭക്ഷ്യക്ഷാമം നേരിടുകയാണ്.

ചെല്ലാനം സെന്റ് സെബാസ്ററ്യൻസ് സ്കൂൾ, കണ്ടക്കടവ് സെന്റ് സേവിയേഴ്‌സ് സ്കൂൾ എന്നിവിടങ്ങളിൽ ക്യാംപുകൾ തുറന്നു. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും അല്ലാത്തവർക്കുമായി പ്രത്യകം തരംതിച്ച ക്യാംപുകൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തുറക്കുകയായിരുന്നു. കുടുംബങ്ങൾ രാത്രി ദുരിതാശ്വാസ ക്യാംപുകളിൽ എത്തി.

English Summary: The great sea eruption in Chellanam Area

Related post