പ്രണയദിനത്തിൽ ലോ കോളജിൽ  വിദ്യാർഥികളുടെ കൂട്ടയടി

പ്രണയദിനത്തിൽ ലോ കോളജിൽ വിദ്യാർഥികളുടെ കൂട്ടയടി

ഗവ. ലോ കോളജിൽ പ്രണയ ദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. ഏറ്റുമുട്ടലിൽ ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിക്കറ്റ് ബാറ്റും വടികളും കല്ലുമായി വിദ്യാർഥികൾ കോളജിൽ  ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങൾ സഹപാഠികൾ  സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. സംഘർഷത്തെ തുടർന്ന് കോളജ് അടച്ചു. ഇനി 24ന് മാത്രമെ റഗുലർ ക്ലാസ് ഉണ്ടാവുകയുള്ളൂവെന്നു പ്രിൻസിപ്പൽ അറിയിച്ചു. 

എസ്എഫ്ഐ നേതൃത്വത്തിലുള്ള കോളജ് യൂണിയൻ ക്യാംപസിൽ പ്രണയദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം കെഎസ്‌യു പൊറോട്ട തീറ്റ മത്സരം നടത്താനും തീരുമാനിച്ചു. ഇതിനുള്ള ഒരുക്കം നടക്കുന്നതിനിടെ  എസ്എഫ്എ പ്രവർത്തകർ ഇതു ചോദ്യം ചെയ്തു. തുടർന്ന് യൂണിയൻ പരിപാടിക്കു ബദലായി കെഎസ്‌യു പരിപാടി അനുവദിക്കില്ലെന്നു പറഞ്ഞ് എസ്എഫ്ഐ നേതാക്കൾ ആക്രമണം നടത്തുകയായിരുന്നെന്ന്  കെ‌എസ്‌യു പ്രവർത്തകർ പറയുന്നു.

പൊറോട്ട ഉൾപ്പടെയുള്ളവ എസ്എഫ്ഐക്കാർ എടുത്തെറിഞ്ഞ ശേഷമാണ് ആക്രമണം തുടങ്ങിയതെന്നും മഹാരാജാസ് കോളജിൽ നിന്നുള്ള എസ്എഫ്ഐ നേതാക്കൾ അടക്കമാണ് അക്രമത്തിനു നേതൃത്വം നൽകിയതെന്നും ഇവർ പറയുന്നു. കെഎസ്‌യു പ്രവർത്തകരായ 2 പെൺകുട്ടികൾക്കും സാരമായി പരുക്കേറ്റു. സംഘർഷത്തിന് അയവു വന്ന ശേഷമാണു പൊലീസ് എത്തിയത്. പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ എത്തിയ കെഎസ്‍യു വിദ്യാർഥികളെ മഹാരാജാസ് കോളജിൽ നിന്നുള്ള എസ്എഫ്ഐക്കാരെത്തി വീണ്ടും മർദിച്ചെന്നും പരാതിയുണ്ട്. 

പരുക്കേറ്റവരെ പിന്നീട് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്കു മാറ്റി. അതേസമയം പുൽവാമ ആക്രമണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയാണു തങ്ങൾ സംഘടിപ്പിച്ചതെന്നും അതേ സ്ഥലത്ത് തീറ്റ മത്സരം സംഘടിപ്പിച്ചതിനെയാണ് എതിർത്തതെന്നുമാണ് എസ്എഫ്ഐ വാദം.  തുടർ സംഘർഷം ഒഴിവാക്കാൻ കോളജിൽ പൊലീസ് കാവൽ എർപ്പെടുത്തി. ഇരുവിഭാഗങ്ങളുടെയും പരാതിയിൽ  സെൻട്രൽ പൊലീസ് കേസെടുത്തു.

Related post