പ്രതിഫലം കൂട്ടി നൽകാതെ ഡബ് ചെയ്യില്ലെന്ന് ഷെയ്ൻ

പ്രതിഫലം കൂട്ടി നൽകാതെ ഡബ് ചെയ്യില്ലെന്ന് ഷെയ്ൻ

ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി നടന്‍ ഷെയ്ന്‍ നിഗം. നിർമാതാക്കൾ നൽകിയ സമപരിധി അവസാനിക്കാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് ഷെയ്ൻ രംഗത്തുവന്നത്. ഡബ് ചെയ്യാതെ ചർച്ചയില്ലെന്ന് നിർമാതാക്കൾ പറയുമ്പോൾ പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസം സിനിമ ഡബ് ചെയ്യില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഷെയ്ൻ. ഉല്ലാസം ഡബ് ചെയ്തില്ലെങ്കിൽ അമ്മ സംഘടനയും സമവായ ചർച്ചയിൽ നിന്ന് പിൻവാങ്ങിയേക്കും.

ഉല്ലാസം ഡബ് ചെയ്യാൻ ഷെയിനിന് നിർമാതാക്കൾ നൽകിയ സമയപരിധി നാളെ അവസാനിക്കുകയാണ്. ഇതു വരെയും ഷെയ്ൻ ഈ സിനിമയുടെ പ്രവർത്തകരെ ബന്ധപ്പെട്ടിട്ടില്ല. ഡബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ചിട്ടുമില്ല. ആറാം തിയ്യതിക്കുള്ളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഷെയ്‌നിന് കത്ത് അയച്ചിട്ടും യാതൊരു തരത്തിലുള്ള പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

ഉല്ലാസം സിനിമ ഡബ് ചെയ്യാതെ ഒരു ചർച്ചയുമില്ലെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടന. ഇക്കാര്യം താരസംഘടനയായ അമ്മയെയും അറിയിച്ചിട്ടുണ്ട്. സിനിമയുടെ കരാർ പ്രകാരമുള്ള 25 ലക്ഷം രൂപയും നിർമാതാവ് നൽകി കഴിഞ്ഞു. കരാറിൽ പറയാത്ത തുക നൽകാനാവില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്.

Related post