തെരുവുനായ് വീട്ടിൽ കയറി ആക്രമിച്ചു, 2 കുട്ടികൾക്ക് പരുക്ക്

തെരുവുനായ് വീട്ടിൽ കയറി ആക്രമിച്ചു, 2 കുട്ടികൾക്ക് പരുക്ക്

കാക്കനാട് വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സഹോദരങ്ങളായ 3 വയസ്സുകാരിയെയും 7 വയസ്സുകാരനെയും തെരുവുനായ് കടിച്ചു മാരക മുറിവേൽപിച്ചു. കലക്ടറേറ്റിനു സമീപം വിഎസ്എൻഎൽ റോഡ് വടാച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന ഒഡീഷ ദമ്പതികളുടെ മക്കളാണ് ഇന്നലെ ഉച്ചയ്ക്കു 12നു നായയുടെ ആക്രമണത്തിന് ഇരയായത്. 

പെയിന്റിങ് തൊഴിലാളിയായ പിതാവും സെസിലെ ജീവനക്കാരിയായ മാതാവും ജോലിക്കു പോയ സമയത്താണ് സംഭവം. പുറത്തു നിന്നു വീടിനുള്ളിലേക്കു പാഞ്ഞെത്തിയ നായ് 2 കുട്ടികളെയും തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു.  3 വയസ്സുകാരിയുടെ ചെവിയിലും നെഞ്ചിലും മുതുകിലും വയറിലും ആഴത്തിൽ മുറിവുണ്ട്. 7 വയസ്സുകാരനു വലതു കൈത്തണ്ടയിലാണ് കടിയേറ്റത്. 

ഒഴിഞ്ഞു മാറാനായതാണ് 7 വയസ്സുകാരനെ കൂടുതൽ കടിയേൽക്കുന്നതിൽ നിന്നു രക്ഷിച്ചത്.ആദ്യ കടിയേറ്റപ്പോൾ തന്നെ താഴെ വീണ 3 വയസ്സുകാരി കരഞ്ഞു നിലത്തു കിടന്നുരുളുന്നതിനിടെയാണ് വയറിലും മുതുകിലും കടിയേറ്റത്. ഇവർക്കിടയിലുള്ള മൂന്നാമത്തെ കുട്ടി മുറ്റത്തായിരുന്നു. കുട്ടികളുടെ കരച്ചിലും നായയുടെ കുരയും കേട്ടു വീട്ടുടമയും ഭാര്യയും ഉൾപ്പെടെയുള്ളവർ ഓടിയെത്തിയപ്പോഴേക്കും ഇളയകുട്ടി അർധബോധാവസ്ഥയിലായി. 

വീട്ടുടമയും നാട്ടുകാരും അയൽവാസിയായ ഓട്ടോ ഡ്രൈവറും ചേർന്നു കുട്ടികളെ കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ ഡോക്ടർ ഉണ്ടായിരുന്നില്ല. തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചെന്നപ്പോൾ നായ് കടിച്ചതിനുള്ള മരുന്നില്ലെന്നായിരുന്നു മറുപടി. പിന്നീടു എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി.

Related post