
മരടിൽ തെരുവുനായ് ആക്രമണം; 3 പേർക്ക് പരുക്ക്
തെരുവുനായ് ആക്രമണത്തിൽ നഗരസഭാ കൗൺസിലറുടെ അച്ഛനടക്കം 3 പേർക്ക് പരുക്ക്. 4–ാം ഡിവിഷൻ കൗൺസിലർ ആർ.കെ. സുരേഷ്ബാബുവിന്റെ അച്ഛൻ കണ്ണാഴത്ത് രാമകൃഷ്ണൻ(65), ആശാൻപറമ്പിൽ മാർട്ടിൻ(50), കോലോത്തും വീട് റിൻസൺ (40) എന്നിവർ കൂടാതെ അതിഥിത്തൊഴിലാളിയെയും കടിച്ചു. മൂവരെയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമകൃഷ്ണനെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. ഇടതു കാലിൽ ആഴത്തിൽ മുറിവേറ്റ രാമകൃഷ്ണന്റെ നില ഗുരുതരമാണ്. രാത്രി ഏഴോടെ കണ്ണാടിക്കാട് അടിപ്പാതയ്ക്കു സമീപം സർവീസ് റോഡിൽ ആയിരുന്നു സംഭവം. റോഡിൽ കണ്ടവരുടെയെല്ലാം നേരേ പാഞ്ഞടുത്തു. അതിഥിത്തൊഴിലാളിയെ കടിച്ച് ഓടിയ നായ പാതയോരത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന്റെ ടയർ കടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നായ ഓടിമറഞ്ഞു.