പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതി അനുമതി

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതി അനുമതി

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലും പാലം പൊളിച്ച് പണിയാൻ ഉടൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട്‌ നൽകിയ ഇടക്കാല അപേക്ഷയിലുമാണു ജസ്റ്റിസ് ആർ.എഫ്‌.നരിമാൻ അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്.

പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

പാലം പൊളിച്ചു പണിയുന്നതിനു നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്‌കോയും എതിരാണ്. പാലം പൊളിക്കാൻ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്‌കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.

Related post