നഗരത്തിന് സുരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നു

നഗരത്തിന് സുരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നു

നഗരത്തിന് സുരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നു. 124 കേന്ദ്രങ്ങളിൽ 460 ആധുനിക സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. കൊച്ചി സ്മാർട്ട് സിറ്റി മിഷനാണ് (സി.എസ്.എം.എൽ.) നേതൃത്വം നൽകുന്നത്. കൊച്ചി സിറ്റി പോലീസുമായി സഹകരിച്ചാണ് പ്രവർത്തനം. ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും.

കൊച്ചി സിറ്റി പോലീസ് 99 ക്യാമറകൾ നഗരത്തിൽ സ്ഥാപിച്ചിരുന്നുവെങ്കിലും ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തനരഹിതമാണ്. അതിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. 99 എണ്ണത്തിന് പുറമെയാണ് ആധൂനിക സൗകര്യങ്ങളോടെയുള്ള പുതിയ ഡിജിറ്റൽ ക്യാമറകൾ വെക്കുന്നത്. 63 ഫിക്സഡ് ക്യാമറകളും 33 ഡോം ക്യാമറകളും അടക്കം 99 ക്യാമറകണ്ണുകളായിരുന്നു നഗരത്തെ നിരീക്ഷിച്ചിരുന്നത്. പോലീസ് സ്ഥാപിച്ച ക്യാമറകളിൽ പലതും സ്ഥാപിച്ച് ഏറെനാൾ കഴിയുംമുമ്പേ പണിമുടക്കിയിരുന്നു. മെട്രോ റെയിൽ നിർമാണം, റോഡ് അറ്റകുറ്റപ്പണി എന്നീ കാരണങ്ങൾകൊണ്ടാണ് ക്യാമറകൾ പണിമുടക്കിയത്.

മെട്രോ നിർമാണ ജോലികൾ തുടങ്ങിയതോടെ ക്യാമറയുടെ ലൈൻ കട്ടായതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമായത്. പിന്നീട് പ്രളയം വന്നതോടെ ക്യാമറ പൂർവസ്ഥിതിയിലാക്കാൻ ബുദ്ധിമുട്ടായി. എന്നാൽ, പുതിയ ഡിജിറ്റൽ ക്യാമറകൾ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ കഴിയുന്നതാണ്. ബി.എസ്.എൻ.എല്ലിന്റെ ടെലി കമ്യൂണിക്കേഷൻ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് സ്ഥിരമായി ഉപയോഗിക്കാൻ കഴിയും.

നഗരത്തിൽ നിലവിലുള്ള സി.സി.ട.വി. ക്യാമറകൾ അതുപോലെ നിലനിർത്താനാണ് ശ്രമം. മെട്രോയുടെ നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ ക്യാമറകൾ ശരിയാക്കിവരുന്നുണ്ടെന്നാണ് കൺട്രോൾ റൂം അധികൃതർ പറയുന്നത്. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. 2009-ൽ സ്ഥാപിച്ച അനലോഗ് ക്യാമറകളുടെ സ്പെയർ പാർട്സ് കിട്ടാനില്ലാത്തതിനാൽ ചിലത് ഇനി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ക്യാമറകൾ സ്ഥാപിക്കുന്നതിന് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. മാർച്ച് എട്ട് വരെയാണ് കാലാവധി.

വാഹനങ്ങളുടെയും ആളുകളുടെയും സംശയകരമായ നീക്കങ്ങൾ നിരീക്ഷിക്കാനും അത് കൺട്രോൾ റൂമിലിരുന്ന് വിലയിരുത്താനും നടപടിയെടുക്കാനുമാണ് നഗരത്തിൽ ക്യാമറകൾ സ്ഥാപിച്ചത്. 24 മണിക്കൂറും സിറ്റിയിലെ ക്രമസമാധാന പാലനത്തിന് സഹായകരമാകുന്ന ക്യാമറകൾ പ്രവർത്തിക്കാതായ സാഹചര്യത്തിൽ സ്വാകാര്യസ്ഥാപനങ്ങളിലെ സി.സി.ടി.വി.കളാണ് പല കേസുകളിലും പോലീസിന് സഹാകമായത്.

Related post