
നിരോധിച്ച നോട്ടുമായി സ്വീഡിഷ് വനിത പിടിയിൽ
നിരോധിച്ച ഇന്ത്യൻ കറൻസിയുമായി വിദേശത്തേക്കു പോകാനെത്തിയ സ്വീഡിഷ് വനിത കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സിഐഎസ്എഫിന്റെ പിടിയിലായി. ഇന്നലെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയ്ക്കു പോകാനെത്തിയ കുൽബർഗ് ആസ മരിയ (56) ആണ് പിടിയിലായത്.
സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള എക്സ്റേ സ്ക്രീനിങ്ങിനിടെയാണ് കറൻസികൾ കണ്ടെത്തിയത്. 51500 രൂപയുടെ പഴയ 1000, 500 നോട്ടുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. 2014ൽ താൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വാങ്ങി സൂക്ഷിച്ചിരുന്ന നോട്ടുകളാണിവയെന്നും പിന്നീട് ഈ നോട്ടുകൾ നിർത്തലാക്കിയത് അറിഞ്ഞില്ലെന്നുമാണ് ഇവർ പറയുന്നത്. ഇവരെ കസ്റ്റംസിന് കൈമാറി.