സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവച്ചു, 10–ാം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ കുട്ടികൾ

സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവച്ചു, 10–ാം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ കുട്ടികൾ

സ്കൂളിന് സിബിഎസ്ഇയുടെ അംഗീകാരമില്ലെന്ന വിവരം മാനേജ്മെന്റ് മറച്ചുവച്ചതിനാൽ മൂലങ്കുഴി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർഥികൾ ഉൾപ്പെടെ 34 കുട്ടികൾക്കു പത്താം ക്ലാസ് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമായി. 6 പേർ മറ്റു 2 സ്കൂളുകളിൽ പഠിച്ച് ഇവിടെ പരീക്ഷ എഴുതാനിരുന്നവരാണ്. സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽവിൻ ഡിക്രൂസിനെയും മാനേജർ മാഗി അരൂജയെയും വഞ്ചനാക്കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇരുവരെയും അടുത്ത മാസം 9 വരെ റിമാൻഡ് ചെയ്തു. നാട്ടുകാർ രോഷാകുലരായെത്തിയതോടെ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു. 

സ്കൂളിൽ 1–8 ക്ലാസുകൾക്കേ റജിസ്ട്രേഷൻ ഉള്ളൂവെന്നു രക്ഷിതാക്കൾ അറിഞ്ഞത് ഏറെ വൈകിയാണ്. എങ്ങനെയും അനുമതി ലഭിക്കുമെന്ന പ്രതീക്ഷ മങ്ങിയതോടെ, കുട്ടികളും രക്ഷിതാക്കളും ഇന്നലെ വിങ്ങിപ്പൊട്ടിയാണു സ്കൂളിൽനിന്നു മടങ്ങിയത്. ചില കുട്ടികൾ തളർന്നുവീണു. സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു; വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ടും തേടി. സൗകര്യങ്ങളില്ലാത്തതിനാൽ 2018 ൽ തന്നെ സ്കൂളിനുള്ള എൻഒസി സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നതായി സൂചനയുണ്ട്. പരീക്ഷാ അനുമതി കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും ഹൈക്കോടതിയെ സമീപിച്ചിരുന്നതായും മാനേജർ മാഗി അരൂജ പറഞ്ഞു.  

പ്രശ്നം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തുവെന്നും. അനുകൂല തീരുമാനമുണ്ടായാൽ വിദ്യാർഥികൾക്കു സിബിഎസ്ഇ പത്താം ക്ലാസിനു പകരം എസ്എസ്എൽസി പരീക്ഷ എഴുതാനായേക്കുമെന്നും  കലക്ടർ എസ്. സുഹാസ് അറിയിച്ചു.

Related post