കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ അറസ്റ്റില്‍

കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ അറസ്റ്റില്‍

കൊച്ചിയിൽ മൂന്ന് അൽ ഖായിദ ഭീകരർ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായി. രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ നിന്ന് ആറും ഭീകരർ പിടിയിലായത്. പിടിയിലായ എല്ലാവരും ബംഗാൾ സ്വദേശികളാണ്. മുർഷിദ് ഹസൻ, യാക്കൂബ് ബിഷ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് കേരളത്തിൽ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലിചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എന്‍ഐഎ ഇവരെ പിടികൂടിയത്. 

വൻ നഗരങ്ങൾ ഉൾപ്പടെ സ്ഫോടനം നടത്തുന്നതിന് ലക്ഷ്യമിട്ട സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്നാണ് എൻഐഎ വിശദീകരിക്കുന്നത്. ഇവർ ഡൽഹിയിലേക്ക് പോകാനിരിക്കെയാണ് അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്. കേരളത്തിൽ നിർമാണ ജോലികൾക്കെന്ന പേരിൽ എത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു പ്രതികൾ.

പശ്ചിമബംഗാളില്‍നിന്ന് അറസ്റ്റിലായ അബു സുഫിയാന്‍ എന്നയാളും കേരളത്തില്‍നിന്ന് പിടിയിലായ മുര്‍ഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നാണ് വിവരം. കസ്റ്റഡിയില്‍ ഉള്ളവര്‍ മുടിക്കലില്‍ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. 

ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍നിന്ന് പിടിയിലായവര്‍ ധനസമാഹരണത്തിനാണ് ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Related post