മധ്യ, തെക്കൻ ജില്ലകളിൽ ഇന്നും പെരുമഴ കിട്ടും

മധ്യ, തെക്കൻ ജില്ലകളിൽ ഇന്നും പെരുമഴ കിട്ടും

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നീണ്ടുനില്‍ക്കുമെന്ന സൂചന നല്‍കി ആന്ധ്ര – ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.  ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത പാലിക്കണമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിർദേശം. സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യതയും ഉണ്ട്. മലയോരങ്ങളിലും പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. 

സംസ്ഥാനത്ത് ഞായറാഴ്ചയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും പരക്കെ മഴ കിട്ടും. മലയോര മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. കടൽക്ഷോഭം രൂക്ഷമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.

സംഭരണികളിലേക്കുള്ള നീരൊഴുക്ക് കെഎസ്ഇബിയും ജലവിഭവ വകുപ്പും നിരീക്ഷിച്ച് വരികയാണ്. റവന്യൂ ഉദ്യോഗസ്ഥരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി മഴക്കെടുതികൾ കുറയ്ക്കാനുള്ള ചുമതല ഏൽപ്പിച്ചു. പത്തനംതിട്ടയില്‍ കനത്ത മഴ തുടരുകയാണ്. പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Related post