വിനോദയാത്ര വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതി പിടിയിൽ

വിനോദയാത്ര വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതി പിടിയിൽ

ലക്ഷദ്വീപിലേക്ക് വിനോദയാത്ര വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതി പിടിയിൽ. കറുകപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുന്ന ലക്ഷദ്വീപ് അഗത്തി സ്വദേശി ചെറുകയിൽ വീട്ടിൽ അബ്ദുൽ സലാമിനെ (45) ആണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷദ്വീപ് ടൂർ നടത്തുന്നതിനുള്ള അംഗീകൃത ടൂർ ഓപ്പറേറ്ററാണെന്നു വെബ്സൈറ്റിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് ഇരയായ വടക്കേ ഇന്ത്യയിൽ നിന്നുള്ള 5 പട്ടാള ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ലക്ഷദ്വീപ് ടൂറിനുള്ള പണം ഈടാക്കിയ ശേഷം ടിക്കറ്റ് കൊച്ചിയിൽ എത്തുമ്പോൾ നൽകാമെന്നാണു പറഞ്ഞിരുന്നത്. പട്ടാള ഉദ്യോഗസ്ഥർ കുടുംബ സമേതം കൊച്ചിയിൽ എത്തിയെങ്കിലും ടൂർ റദ്ദാക്കിയെന്നു പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്തു മുങ്ങുകയായിരുന്നു. ഇതേ രീതിയിൽ തട്ടിപ്പു നടത്തിയതിനു നേരത്തേ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയാണു വീണ്ടും തട്ടിപ്പ് നടത്തിയത്. കടവന്ത്ര പൊലീസിൽ 6 കേസ് നിലവിലുണ്ട്.

ഈ കേസുകളിൽ പിടിയിലായ പ്രതി കോടതി മുഖേന പണം തിരിച്ചു നൽകാം എന്ന സത്യവാങ്മൂലം എഴുതി നൽകി ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. നൂറോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണു കരുതുന്നത്. എറണാകുളം എസിപി കെ. ലാൽജിയുടെ നേതൃത്വത്തിൽ എസ്ഐ വിബിൻദാസ്, എഎസ്ഐ സന്തോഷ് കുമാർ, സിപിഒമാരായ പി.ജി. അനിൽ, ബി. ഉണ്ണിക്കൃഷ്ണൻ, കെ.എം. മനോജ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

Related post