പണവും രേഖകളും നഷ്ടപ്പെട്ടെ കനേഡിയന്‍ സഞ്ചാരി തെരുവില്‍ ഉറങ്ങുന്നു

പണവും രേഖകളും നഷ്ടപ്പെട്ടെ കനേഡിയന്‍ സഞ്ചാരി തെരുവില്‍ ഉറങ്ങുന്നു

കൊതുക് വലയിട്ട് തെരുവിൽ കിടന്നുറങ്ങുന്ന കനേഡിയൻ സഞ്ചാരി ഫോർട്ടുകൊച്ചിയിലെ വേറിട്ട കാഴ്ചയായി മാറുന്നു. രണ്ട് ദിവസമായി കനേഡിയൻ സഞ്ചാരി വിൽസൺ എഡ്വേർഡ് കോസൻ കൊച്ചിയിലുണ്ട്. പകൽ സൈക്കിളിൽ നഗരം ചുറ്റും. രാത്രി തെരുവിൽ ഉറക്കം. ഡൽഹിയിൽ നിന്ന് നാല് മാസം മുമ്പ് തുടങ്ങിയതാണ് യാത്ര.

തെരുവിൽ ഉറങ്ങാൻ കാരണമുണ്ട്. അദ്ദേഹത്തിന്റെ കൈയിൽ പണമില്ല. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയടക്കം യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടു. കൈയിൽ ഒരു പൈസയില്ല. പക്ഷെ, യാത്ര ഉപേക്ഷിക്കാനുമാകില്ല. തെരുവിൽ കിടന്ന് ഉറങ്ങാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. അതിനായി ഒരു കൊതുകുവലയും സംഘടിപ്പിച്ചു.

ബെംഗളൂരുവിലെത്തിയപ്പോഴാണ് കാർഡുകളടങ്ങിയ വാലറ്റ് നഷ്ടപ്പെട്ടത്. എന്നിട്ടും തളർന്നില്ല. ഊട്ടി വഴി കേരളത്തിലേക്ക് കടന്നു. ഇതിനിടയിൽ തമിഴ്‌നാട് അതിർത്തിക്കടുത്ത് വെച്ച് ചെറിയ അപകടവുമുണ്ടായി. കാലിന് പരിക്കേറ്റു. ചെറിയ വിശ്രമത്തിന് ശേഷം യാത്ര തുടർന്നു. സൈക്കിളിൽ തന്നെ കേരളത്തിലേക്ക് വന്നു.

തെരുവിൽ സായ്പ് കിടക്കുന്നത് കാണുമ്പോൾ ആരെങ്കിലും കാര്യമന്വേഷിക്കും. അപ്പോൾ അദ്ദേഹം സംഭവം വിവരിക്കും. ഇതോടെ നാട്ടുകാർ ഭക്ഷണവും മറ്റും നൽകും. കുറച്ച് ദിവസമായി അങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് പറയുന്നു. കേരളമൊന്ന് കറങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങാനാണ് പരിപാടി. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും പാസ്‌പോർട്ടും ബാഗിൽ സൂക്ഷിച്ചതിനാൽ നഷ്ടപ്പെട്ടിട്ടില്ല. മാർച്ച് പത്തിന് മുംബൈയിൽ നിന്നാണ് ടിക്കറ്റ്. സൈക്കിളിൽ തന്നെ മുംബൈ വരെ യാത്ര ചെയ്യണം. അതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. രണ്ട് ദിവസത്തിനകം കൊച്ചി വിടും. ആലപ്പുഴയിലേക്കാണ് പോകുന്നത്. കൊച്ചിയിൽ അദ്ദേഹത്തിന് നാട്ടുകാർ ഭക്ഷണവും മറ്റും എത്തിച്ച് നൽകി.

Related post