കാനയിൽ വീണു വാരിയെല്ലും കാലും പൊട്ടിയ വിദേശ  വനിത മടങ്ങി

കാനയിൽ വീണു വാരിയെല്ലും കാലും പൊട്ടിയ വിദേശ വനിത മടങ്ങി

ഫോർട്ട്കൊച്ചിയിലെ കാനയിൽ വീണ് കാലിനും വാരിയെല്ലിനും പരുക്കേറ്റ ബ്രിട്ടൻ സ്വദേശിനി ഹെയ്സൽ ടർണർ (72) ഭർത്താവ് റോഗർ ടർണറിനൊപ്പം നാട്ടിലേക്ക് മടങ്ങി. ആഴമുള്ള കാനയിലേക്ക് വീണപ്പോൾ സ്ലാബിൽ അടിച്ചു കൊണ്ടാണ് ഹെയ്സലിന്റെ വാരിയെല്ലിന് ഒടിവുണ്ടായത്. ലേക്‌ഷോർ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കോട്ടവളപ്പിലെ ഹോട്ടലിലെത്തിയ ഇവർ ഇന്നലെ രാവിലെയാണ് മടങ്ങിയത്.

ഇനി കൊച്ചിയിലേക്ക് ഇല്ലെന്ന് പറഞ്ഞായിരുന്നു മടക്കം. കോവളത്ത് നിന്ന് 4 ദിവസം മുൻപാണ് കൊച്ചിയിൽ എത്തിയത്. ബീച്ചിൽ സൂര്യാസ്തമയം കണ്ട് ഹോട്ടലിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. അധികൃതർക്ക് പരാതിയൊന്നും നൽകിയിട്ടില്ല. വിദേശ വനിതയ്ക്ക് പരുക്കേൽക്കാൻ ഇടയാക്കിയ കോട്ടവളപ്പ് ലെയ്നിന്റെ സമീപമുള്ള കാനയുടെ സ്ലാബില്ലാത്ത ഭാഗം ഇപ്പോഴും തുറന്നു തന്നെ കിടക്കുകയാണ്.

സംഭവം നടന്ന് 2 ദിവസം കഴിഞ്ഞിട്ടും ഇവിടെ സ്ലാബിട്ട് മൂടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നൂറുകണക്കിന് വിദേശികൾ എത്തുന്ന ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ ഒട്ടേറെ സ്ഥലങ്ങളിൽ സ്ലാബ് ഇല്ലാത്ത കാനകളുണ്ട്. പലയിടത്തും തെരുവുവിളക്കുകൾ കത്തുന്നില്ല. സാന്റാക്രൂസ് ജംക്‌ഷന് സമീപം സ്ലാബിനു പകരം മരക്കമ്പുകൾ നിരത്തിയിരുന്ന ഭാഗം ഇന്നലെ പൊതുമരാമത്ത് വകുപ്പ് നന്നാക്കി. 

Related post