പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ശബരിമല തീർഥാടകരെ ബാധിക്കില്ല

പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ശബരിമല തീർഥാടകരെ ബാധിക്കില്ല

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെ.  കടകമ്പോളങ്ങൾ അ‍ടഞ്ഞു കിടക്കുമെന്നു സമിതിക്കു നേതൃത്വം നൽകുന്ന സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും പറഞ്ഞു. ആരെയും നിർബന്ധിക്കില്ല. ശബരിമല തീർഥാടകരെ ബാധിക്കില്ല.

ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്ര–സംസ്ഥാന ജീവനക്കാരും, ബാങ്ക്‌, ഇൻഷുറൻസ്‌, ബിഎസ്‌എൻഎൽ  ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്‌ച അർധരാത്രിവരെ നീളുന്ന പണിമുടക്ക്‌ കേരളത്തിൽ പൂർണമായിരിക്കുമെന്ന്‌ ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി നേതാക്കൾ പറഞ്ഞു. പാൽ, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും പണിമുടക്കിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ശബരിമല തീർത്ഥാടന വാഹനങ്ങളെയും ഒഴിവാക്കി. ഗ്രാമങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളും ഗ്രാമീണ ഹർത്താൽ ആചരിക്കും. തൊഴിലാളികൾ പണിമുടക്കുന്നതിനാൽ വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുമെന്നും  ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി നേതാക്കൾ പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികൾ ജില്ലാ കേന്ദ്രങ്ങളിലും നിയോജമണ്ഡലാടിസ്ഥാനത്തിലും പ്രതിഷേധിക്കും. 

സിഐടിയു, ഐഎൻടിയുടിസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി(ജെ), കെടിയുസി(എം), ഐഎൻഎൽസി, എൻഎൽസി, എൻഎൽഒഒ, എച്ച്എംകെപി, ജെടിയു സംഘടനകളാണു കേരളത്തിൽ പണിമുടക്കിനു നേതൃത്വം നൽകുന്നത്. രാജ്യവ്യാപകമായി 25 കോടി ആളുകൾ സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ ഡൽഹിയിൽ അറിയിച്ചു.

കേരള, എംജി, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കാലടി, കാലിക്കറ്റ് സർവകലാശാലകളിൽ നാളെ പരീക്ഷ നിശ്ചയിച്ചിരുന്നില്ല.

Related post