ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മരം വീണു

ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മരം വീണു

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൻമരം വീണു. യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൈക്കോടതിക്ക് സമീപമാണ് സംഭവം. കാർ പാർക്ക് ചെയ്യാനായി പോകുമ്പോഴാണ് മരം കാറിന് മുകളിലേക്ക് വീണത്. കാറിലേക്ക് മരം വീണയുടനെ വാഹനത്തിൽനിന്ന് ഡ്രൈവർ ഓടിയിറങ്ങിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

ഹൈക്കോടതിയുടെ പ്രധാന കവാടത്തിന് എതിർവശത്ത് റോഡരികിൽ നിന്നിരുന്ന മരമാണ് കാറിലേക്ക് വീണത്. ഈ വാഹനത്തിനോടൊപ്പം സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറും മരത്തിന്റെ ചില്ലകൾ വീണ് ഭാഗികമായി തകർന്നിട്ടുണ്ട്.

എറണാകുളം ക്ലബ്ബ് റോഡിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് മരം മുറിച്ചുമാറ്റിയത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മരം വെട്ടിനീക്കി ഇതുവഴിയുള്ള ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.പി. ഗോപകുമാർ, ഹൈക്കോടതി ഫയർ ഓഫീസർ പി. രഘുനാഥൻ നായർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Related post