കണ്ടെയ്‌നർ ലോറികളുടെ ഇടയിൽപെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

കണ്ടെയ്‌നർ ലോറികളുടെ ഇടയിൽപെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ 2 കണ്ടെയ്‌നർ ലോറികളുടെ ഇടയിൽപ്പെട്ട സ്‌കൂട്ടറിൽ നിന്നു തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ മരിച്ചു. ഫോർട്ട്‌വൈപ്പിൻ കുരിശിങ്കൽ ജോസഫിന്റെയും (സുരേഷ്) ഷിജിയുടെയും മകൻ സാമുവൽ ജോസഫ് (സാം – 24) ആണ് മരിച്ചത്. എറണാകുളം ജിടെകിലെ കംപ്യൂട്ടർ വിദ്യാർഥിയാണ്.

വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഡിപി വേൾഡിനു മുൻപിൽ ഉച്ചയ്ക്ക് 2.10നായിരുന്നു അപകടം. ബോൾഗാട്ടി ജംക്‌ഷനിൽ നിന്നു 40 അടി നീളമുള്ള കണ്ടെയ്‌നർ ലോറി ഡിപി വേൾഡിന്റെ 2–ാം ഗേറ്റിനു മുൻപിൽ എത്തിയപ്പോൾ അതേ ദിശയിൽ നിന്നെത്തിയ 20 അടി കണ്ടെയ്‌നർ ലോറി വേഗത്തിൽ പിന്നിലിടിച്ചായിരുന്നു അപകടം. ആദ്യ ലോറിക്കു പിന്നിൽ ഇതേദിശയിൽ നിന്നു വരികയായിരുന്ന സ്കൂട്ടർ ഇരു ലോറികളുടെയും ഇടയിൽ പെട്ടു.

ഇടിയുടെ ആഘാതത്തിൽ സാമുവൽ ജോസഫ് റോഡിലേക്കു തെറിച്ചു വീണു. ഇടിച്ച ലോറിയുടെ മുൻവശം തകർന്നു. ബ്രേക്ക് തകരാറിനെത്തുടർന്നാണു കണ്ടെയ്നർ മുൻപിൽ പോയ ലോറിയിലേക്ക് ഇടിച്ചു കയറിയതെന്നു പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ. സംസ്‌കാരം ഇന്നു 4ന് ഫോർട്ടു വൈപ്പിൻ പ്രത്യാശ മാതാ പള്ളിയിൽ സെമിത്തേരിയിൽ നടക്കും. സഹോദരി: സോഫി ജോസഫ്.

Related post