അപകടക്കെണിയൊരുക്കി ലോറികളുടെ അനധികൃത പാർക്കിങ്

അപകടക്കെണിയൊരുക്കി ലോറികളുടെ അനധികൃത പാർക്കിങ്

വല്ലാർപാടത്ത് കണ്ടെയ്‌നർ റോഡിൽ അപകടക്കെണിയൊരുക്കി ലോറികളുടെ അനധികൃത പാർക്കിങ്. ഗോശ്രീ ബോൾഗാട്ടി വല്ലാർപാടം പാലം മുതൽ വൈപ്പിനിലെ കാളമുക്ക് വരെ കണ്ടെയ്‌നർ ലോറികൾ പാർക്ക് ചെയ്യുകയാണ്. കണ്ടെയ്‌നർ റോഡിലും കാളമുക്ക് വരെയും പാർക്കിങ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഡി പി വേൾഡിനു മുൻപിൽ ലോറികളുടെ അനധികൃത പാർക്കിങ്. കണ്ടെയ്‌നർ റോഡിൽ ബോൾഗാട്ടി ജംക്‌ഷൻ വരെ പാർക്കിങ് അനുവദിക്കാത്ത പൊലീസ് വല്ലാർപാടം, കാളമുക്ക് എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ് കണ്ടില്ലെന്നു നടിക്കുകയാണ്.

വല്ലാർപാടത്ത് പാർക്കിങ് യാർഡിൽ സൗകര്യമുണ്ടായിട്ടും റോഡരികിൽ തന്നെയാണ് പാർക്കിങ്. ഗതാഗതത്തിരക്കേറിയ റോഡിൽ ലോറികളുടെ പാർക്കിങ് മൂലം വാഹനങ്ങൾക്കു വശങ്ങളിലേക്കു മാറാനാകുന്നില്ല. കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വല്ലാർപാടം ബസിലിക്ക, സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലേക്കു എത്തുന്നവർക്കു ബസിൽ നിന്ന് ഇറങ്ങാനും കയറാനും തടസ്സം സൃഷ്ടിക്കുകയാണ് അനധികൃത പാർക്കിങ്.  ലോറികൾക്കിടയിൽ ബസ് കാത്തു നിൽക്കുന്നവരെ കാണാതെ ബസുകൾ നിർത്താതെ പോകുന്നതും പതിവു കാഴ്ചയാണ്.

Related post