വൈപ്പിനിലെ കായലോര വിനോദസഞ്ചാരത്തിനു കരുത്തുപകരാൻ  റോഡൊരുങ്ങി

വൈപ്പിനിലെ കായലോര വിനോദസഞ്ചാരത്തിനു കരുത്തുപകരാൻ റോഡൊരുങ്ങി

വൈപ്പിനിലെ കായലോര വിനോദസഞ്ചാരസാധ്യതകൾക്കു കരുത്തുപകരാൻ കിഴക്കൻ തീരത്തേക്ക്  മനോഹരമായ  റോഡൊരുങ്ങി. സൂപ്പർതാരചിത്രത്തിനു ലൊക്കേഷനായതോടെ സന്ദർശകരുടെ ഇഷ്ടഇടമായി മാറിയ നെടുങ്ങാട് ബോട്ട് ജെട്ടിയിലേക്കുള്ള റോഡിലാണ്  അറ്റകുറ്റപ്പണികളും ടാറിങ്ങും പൂർത്തിയായിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണു ജോലികളെന്ന് അംഗം റോസ്മേരി ലോറൻസ് പറഞ്ഞു.

പണ്ട്  പാടങ്ങൾക്കിടയിലൂടെയുള്ള ചിറ ആയിരുന്ന പാത പിന്നീട്  വീതി കൂട്ടിയും പാർശ്വഭിത്തികൾ ഒരുക്കിയും പുനർനിർമിച്ചെങ്കിലും  കുണ്ടും കുഴികളും നിറഞ്ഞതായിരുന്നു. ഇതിനിടെ  മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനായതോടെ  പ്രദേശം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ബോട്ടിലെത്തി ജെട്ടിയിൽ ഇറങ്ങിയും  റോഡ് മാർഗവും ഇപ്പോൾ  ഇവിടേക്ക് ഇടയ്ക്കിടെ സന്ദർശകർ എത്തുന്നു.   സംസ്ഥാനപാതയിൽ നിന്ന് ഇവിടേക്ക് എത്താനുള്ള  അണിയിൽ – നെടുങ്ങാട്  റോഡ് അടുത്തിടെ  മികച്ച നിലവാരത്തിൽ പുനർനിർമിച്ചിരുന്നു.

അതേസമയം , കായൽതീരം  കേന്ദ്രീകരിച്ചു  വിഭാവനം ചെയ്യപ്പെട്ട   വിനോദസഞ്ചാരപദ്ധതികൾ  അനിശ്ചിതമായി നീളുകയാണ്. നിരനിരയായി തെങ്ങുകളുള്ള ചെറുവരമ്പുകളും വിശാലമായ ചെമ്മീൻ—നെൽപാടങ്ങളും  വീരൻപുഴയുമെല്ലാം ചേർന്നു ദ്വീപിന്റെ  കിഴക്കൻതീരത്തു  മനോഹരമായ കാഴ്ചകൾ  ഉണ്ടെങ്കിലും ഈ  മേഖലയുടെ ടൂറിസം സാധ്യതകൾ  ഉപയോഗപ്പെടുത്താൻ ഇതുവരെ കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല. 

Related post