വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ഭൂമി അദാനി ഗ്രൂപ്പിന് നല്‍കാന്‍ നീക്കം

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ഭൂമി അദാനി ഗ്രൂപ്പിന് നല്‍കാന്‍ നീക്കം

വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെയും ഉദ്യോഗസ്ഥരുടെയും എതിർപ്പ് മറികടന്ന്, അര ഏക്കർ 30 വർഷത്തേക്ക് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിനു പാട്ടത്തിനു നൽകാൻ തകൃതിയായ നീക്കം. പാട്ടത്തിനു നൽകാനുള്ള ചരടുവലികൾ ശക്തമാകുന്നതിനിടെ, മൊബിലിറ്റി ഹബ് സൊസൈറ്റി മാനേജിങ് ഡയറക്ടർ ആർ. ഗിരിജയെ തൽസ്ഥാനത്തുനിന്നു നീക്കി.

സംയുക്ത സംരംഭത്തിനു സിഎൻജി (കംപ്രസ്ഡ് നാചുറൽ ഗ്യാസ്) ഫില്ലിങ് സ്റ്റേഷൻ സ്ഥാപിക്കാനായി 30 വർഷത്തേക്കു നൽകണമെന്ന വ്യവസായ ഗ്രൂപ്പിന്റെ അപേക്ഷ കഴിഞ്ഞവർഷം നവംബറിലാണു സംസ്ഥാന സർക്കാരിനു ലഭിച്ചത്. 35 സെന്റാണ് ആവശ്യപ്പെട്ടതെങ്കിലും 50 മീറ്റർ റോഡ് ഫ്രണ്ടേജ് അടക്കം ആവശ്യപ്പെട്ടതിനാൽ 50 സെന്റ് വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്.

അപേക്ഷയിൽ സൊസൈറ്റിയുടെ അഭിപ്രായം സർക്കാർ ആരാഞ്ഞു. വാട്ടർ മെട്രോ അടക്കം 20 ഏക്കറിലേറെ സ്ഥലത്തു വികസന പദ്ധതികൾ നടപ്പാക്കാനുള്ളതിനാൽ, ഭൂമി പാട്ടത്തിനു നൽകരുതെന്നു സൊസൈറ്റി മറുപടി നൽകുകയും ചെയ്തു. വ്യവസായ ഗ്രൂപ്പിന് മറ്റെവിടെയെങ്കിലും ഭൂമി വാങ്ങാവുന്നതേയുള്ളുവെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഭൂമി പാട്ടത്തിനു നൽകാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്.

സമ്മർദം മുറുകുന്നതിനിടെ, ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഹബ് സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്നു. ഹബ്ബിലെ മറ്റ് ഏജൻസികൾക്കു നൽകിയതു പോലെ, മുഴുവൻ നടപടിക്രമങ്ങളും നിബന്ധനകളും പാലിച്ചു മാത്രമേ വ്യവസായ ഗ്രൂപ്പിനു ഭൂമി പാട്ടത്തിനു നൽകാവൂ എന്നു യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനു ശേഷം, ബുധനാഴ്ച തിരുവനന്തപുരത്തു സർക്കാർ തലത്തിൽ ചേർന്ന ഉന്നതതല യോഗം ഗ്രൂപ്പിനു ഭൂമി പാട്ടത്തിനു നൽകാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.

സൊസൈറ്റിയുടെയും വ്യവസായ ഗ്രൂപ്പിന്റെയും കൊച്ചി മെട്രോയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തു സംയുക്ത പരിശോധന നടത്തി സൊസൈറ്റി ഭരണസമിതിക്കു റിപ്പോർട്ട് നൽകും. ഇതിനു ശേഷം സർക്കാർ അന്തിമ തീരുമാനമെടുക്കും. പദ്ധതിക്ക് അനുകൂല നിലപാടെടുക്കാതിരുന്നതാണ് ആർ. ഗിരിജയെ നീക്കാൻ കാരണമെന്നറിയുന്നു. സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനാണു പുതിയ ചുമതല. ആർ. ഗിരിജയുടെ മാറ്റം ഈമാസമാദ്യം തീരുമാനിച്ചതാണെന്നാണ് ഔദ്യോഗിക വിശദീകരണം.

English Summary: Move to give land to Adani Group of White Mobility Hub

Related post