ബ്രഹ്മപുരം മാലിന്യക്കൂമ്പാരം ചുമതലയിൽനിന്ന് നഗരസഭയെ നീക്കി

ബ്രഹ്മപുരം മാലിന്യക്കൂമ്പാരം ചുമതലയിൽനിന്ന് നഗരസഭയെ നീക്കി

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം നീക്കുന്നതിനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കൊച്ചി നഗരസഭയെ സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഒഴിവാക്കി. ബ്രഹ്മപുരം പ്ലാന്റ് വളപ്പിൽ ഇത്രയധികം മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് നഗരത്തിന് ഭീഷണിയാണെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യുട്ടീവ് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പ്രിൻസിപ്പൽ സെക്രട്ടറിയെ ഏൽപ്പിക്കാൻ സർക്കാർ നഗരസഭയോട് ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കുന്നതിനുള്ള ഉത്തരവാദിത്വം എൽ.എസ്.ജി.ഡി. വകുപ്പിനെ ഏൽപ്പിച്ചു. കൊച്ചി നഗരസഭ മാലിന്യം നീക്കുന്നതിനായി ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് തീരുമാനമെടുക്കാതെ മാറ്റി വെക്കുകയായിരുന്നു. ആദ്യം വിളിച്ചപ്പോൾ സിംഗിൾ ടെൻഡർ ആയതിനാൽ വീണ്ടും ടെൻഡർ ചെയ്തെങ്കിലും അതേ കമ്പനി മാത്രമെ ടെൻഡറിൽ പങ്കെടുത്തിരുന്നുള്ളു. അതിനാൽ അത് മാറ്റി വെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.

നഗരസഭയുടെ ഈ ടെൻഡർ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. സർക്കാർ ഖരമാലിന്യ സംസ്കരണത്തിന്റെ നോഡൽ ഏജൻസിയായി തിരഞ്ഞെടുത്തിട്ടുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപ്പറേഷനെ ഇതിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ അവർ സുതാര്യമായ ടെൻഡർ വിളിച്ച് മാലിന്യം നീക്കണം. ജില്ലാ കളക്ടർ ഇതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും സർക്കാർ ഉത്തരവിട്ടു.

Related post