കൊച്ചി നഗരം വെള്ളക്കെട്ടിലായി

കൊച്ചി നഗരം വെള്ളക്കെട്ടിലായി

ഒറ്റ രാത്രി മഴ നിന്നു പെയ്തതോടെ കൊച്ചി നഗരം വെള്ളക്കെട്ടിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നഗരത്തിൽ പനമ്പള്ളിനഗർ റോഡിൽ വെള്ളം നിറഞ്ഞൊഴുകുകയാണ്. എംജി റോഡിലും സൗത്ത് കടവന്ത്രയിലും കെഎസ്ആർടിസി സ്റ്റാൻഡിലും വെള്ളം കയറി. നഗരത്തിനു പുറത്ത് പേട്ട ജംക്‌ഷൻ, തോപ്പുംപടി, കുണ്ടന്നൂർ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. പള്ളുരുത്തിയിൽ ചില പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തോരാതെ നിന്നു പെയ്യുകയാണ്.

ഇരുചക്ര വാഹനങ്ങളിൽ രാവിലെ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോയവരാണ് ശരിക്കും കുടുങ്ങിയത്. പലരും പകുതി വഴിയിലെത്തി മടങ്ങിപ്പോകുന്നത് കാണാം. പല റോഡുകളിലും കുഴിയുള്ളത് അപകടമുണ്ടാക്കുന്നുണ്ട്. പലയിടത്തും കാന തുറന്നിട്ട് അടച്ചിടാത്തതിനാൽ കാൽനടക്കാരും ദുരിതത്തിലായി. റോഡിന് വശങ്ങളിലൂടെ നടന്നു പോകാൻ ശ്രമിച്ചവർ വഴി കാണാനാകാതെ കുടുങ്ങി. കടകളിൽ പലതിലും വെള്ളം കയറിത്തുടങ്ങിയതോടെ അടച്ചിടേണ്ടി വന്നിട്ടുണ്ട്. പനമ്പള്ളി നഗറിലെ റസ്റ്ററന്റിലും സമീപത്തെ കടകളിലും വെള്ളം കയറിയതോടെ അടച്ചിടേണ്ടി വന്നു.

കൊച്ചിയിൽ ഓപ്പറേഷൻ ബ്രേക്ത്രൂവിന്റെ ഭാഗമായി കാനകളും മറ്റും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നതിനു നടപടി എടുത്തിരുന്നു. എന്നാൽ കനത്ത മഴ തുടർന്നതോടെ ഇതൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് മനസിലാകുന്നത്. ശാസ്ത്രീയമായി വെള്ളം ഒഴുകിപ്പോകാൻ നടപടി സ്വീകരിക്കാത്തതാണ് വെള്ളപ്പൊക്കം തുടരാൻ കാരണമെന്നാണ് ആരോപണം. 2018 ഓഗസ്റ്റ് പകുതിയോടെ പെയ്ത മഴയിൽ സമാനമായ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷവും വെള്ളം കയറിയതോടെ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക താൽപര്യമെടുത്താണ് കലക്ടർ വെള്ളക്കെട്ടുകൾ തടയാൻ നടപടിയെടുത്തത്. എന്നാൽ അതൊന്നും ഫലം കണ്ടിട്ടില്ല എന്നാണ് ഇന്നു നഗരത്തിൽ വെള്ളം കയറിയതിലൂടെ മനസിലാകുന്നത്.

Related post