
വാട്സാപ്പില്‍ ഇനി ഒരേസമയം എട്ടുപേരെ കോള്‍ ചെയ്യാം
ലോക്ക് ഡൗണ്‍ ആയതിനാല്‍ നേരിട്ട് ആരെയും കാണാനോ സംസാരിക്കാനോ കഴിയുന്നില്ല.പലരും വീഡിയോ കോളിലൂടെയാണ് പരസ്പരം കണ്ട് സംസാരിക്കുന്നത്. ഇപ്പോഴിതാ വീഡിയോ കോളും വോയിസ് കോളും ചെയ്യുന്നവര്‍ക്കായി പുതിയ ഫീച്ചറുമായി വാട്സ് ആപ്പ് എത്തിയിരിക്കുകയാണ്.വീഡിയോ കോളിലും വോയ്സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ്.
അടുത്ത ആഴ്ച മുതലാണ് ആന്‍ഡ്രോയിഡ്, ഐഫോണ്‍ യൂസര്‍മാര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുക എന്ന് വാട്സാപ്പ് മേധാവി കാത്കാര്‍ട്ട് ട്വീറ്റ് ചെയ്തത്. അതായത് വാട്സാപ്പിന്റെ അടുത്ത അപ്ഡേറ്റില്‍ ഗ്രൂപ്പ് കോളുകളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനുള്ള സംവിധാനം എത്തും. നിലവില്‍ നാലോ അതില്‍ കുറവോ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമേ ഒറ്റ ടാപ്പില്‍ വാട്സാപ്പില്‍ ഗ്രൂപ്പ് വീഡിയോ അല്ലെങ്കില്‍ വോയ്സ് കോള്‍ ചെയ്യാന്‍ കഴിയൂ.