വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും

വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും

ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും. ഈ നയം (പ്രൈവസി പോളിസി) അംഗീകരിക്കാത്തവർക്ക് അന്നു മുതൽ വാട്സാപ് ഉപയോഗിക്കാനാകില്ല.

വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. വാട്സാപ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന്റെ അനുബന്ധ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടും.

വിവരങ്ങൾ നേരത്തേയും വാട്സാപ് മറ്റു കമ്പനികളുമായി പങ്കു വയ്ക്കുമായിരുന്നെങ്കിലും ഇത്ര വിപുലമായിരുന്നില്ല. എന്തൊക്കെത്തരം വിവരങ്ങൾ പങ്കുവയ്ക്കാമെന്ന് വരിക്കാർക്കു തീരുമാനിക്കാനും അവസരമുണ്ടായിരുന്നു. എന്നാൽ പുതിയ നയത്തിൽ അങ്ങനെയൊരു സ്വാതന്ത്ര്യം ഉപയോക്താവിനില്ല. വിവരം പങ്കുവയ്ക്കാമെന്നു സമ്മതിച്ചില്ലെങ്കിൽ വാട്സാപ് ഉപയോഗിക്കാനാകില്ല. ഫോണിൽ ഇതു സംബന്ധിച്ച സന്ദേശം കാണുമ്പോൾ സമ്മതം (AGREE) അമർത്തിയാലേ ഫെബ്രുവരി 8 മുതൽ വാട്സാപ് ഉപയോഗിക്കാനാകൂ.

ഒരാളുടെ വാട്സാപ് ഉപയോഗത്തിന്റെ വിവരങ്ങൾ വിശകലനം ചെയ്ത് ആ ആൾക്കു വേണ്ടിവരാവുന്ന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങൾ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പോലെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ നൽകുകയാണു ലക്ഷ്യം. ഉദാഹരണത്തിന്, ഒരാൾ ‘യോഗ’ സംബന്ധിച്ച ഒരു വാട്സാപ് ഗ്രൂപ്പിൽ അംഗമാണെങ്കിൽ, അയാളുടെ സോഷ്യൽമീഡിയയിൽ യോഗ ക്ലാസും യോഗ ഉൽപന്നങ്ങളും സംബന്ധിച്ച പരസ്യങ്ങൾ കൂടുതലായി വരും.

വാട്സാപ് ഫോണിൽനിന്നു ഡിലീറ്റ് ചെയ്താലും വിവരങ്ങൾ വാട്സാപ്പിന്റെ കയ്യിലുണ്ടാകും. ഉപയോക്താവ് വാട്സാപ്പിലെ ‘ഡിലീറ്റ് മൈ അക്കൗണ്ട്’ സൗകര്യമുപയോഗിച്ച് അക്കൗണ്ട് ഇല്ലാതാക്കിയാലേ ആ വിവരശേഖരം ഇല്ലാതാകൂ എന്നും പുതിയ നയത്തിൽ പറയുന്നു. എങ്കിൽപ്പോലും അതുവരെ ബിസിനസ് ഗ്രൂപ്പുകളിലേക്കടക്കം അയച്ച സന്ദേശങ്ങൾ ഇല്ലാതാകുന്നില്ലെന്നും വാണിജ്യസാധ്യതയുള്ള വിവരം പങ്കുവയ്ക്കപ്പെടുമെന്നും വ്യക്തമാക്കുന്നു.

വാട്സാപ് ചാറ്റ്, കോൾ എന്നിവ അതു നടത്തുന്നവർക്കു മാത്രമേ ലഭ്യമാകൂ എന്ന ഉറപ്പു തുടരുന്നുണ്ടെങ്കിലും, വാണിജ്യ സാധ്യതയുള്ള വിവരശേഖരം മുഴുവൻ സമൂഹ മാധ്യമങ്ങൾക്കും മറ്റു കമ്പനികൾക്കും നൽകുമെന്ന സ്ഥിതിയിലേക്കാണു വാട്സാപ് നീങ്ങന്നത്. വ്യക്തി സ്വകാര്യതയുടെ ലംഘനമാണു പുതിയ നയമെന്നു വിമർശനമുയരുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നതു തടയാൻ ഇന്ത്യയിലിപ്പോൾ നിയമമില്ല. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതിനായി ബിൽ അവതരിപ്പിക്കുമെന്നു സൂചനയുണ്ട്.

English Summary: whatsapp new policy

Related post