ഗ്ലാസ് ചീളുകൾ ദേഹത്തു തുളച്ചു കയറി വീട്ടമ്മ മരിച്ചു.

ഗ്ലാസ് ചീളുകൾ ദേഹത്തു തുളച്ചു കയറി വീട്ടമ്മ മരിച്ചു.

ബാങ്കിൽ നിന്നു തിടുക്കത്തിൽ പുറത്തേക്കോടുന്നതിനിടെ അബദ്ധത്തിൽ ചില്ലുവാതിലിൽ ഇടിച്ചു വീണ വീട്ടമ്മ ഗ്ലാസ് ചീളുകൾ ദേഹത്തു തുളച്ചു കയറി  മരിച്ചു. ചേരാനല്ലൂർ മങ്കുഴി തേലക്കാട്ട് നോബിയുടെ ഭാര്യ ബീനയാണു  (43) മരിച്ചത്. പെരുമ്പാവൂർ എഎം റോഡിൽ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ബാങ്കിനുള്ളിൽ ചെലാൻ പൂരിപ്പിച്ചു കൊണ്ടിരുന്ന ബീന ഇരുചക്ര വാഹനത്തിൽ വച്ചു മറന്ന താക്കോൽ എടുക്കാൻ ധൃതിയിൽ പുറത്തേക്കോടുകയായിരുന്നു.

അടഞ്ഞു കിടന്ന  വാതിലിൽ ശക്തിയായി ഇടിച്ചതോടെ ചില്ല് തകർന്നു ദേഹത്തു തുളഞ്ഞു കയറി. പിടഞ്ഞെഴുന്നേറ്റെങ്കിലും നെഞ്ചിലും വയറിലും തുടയിലും ഗുരുതരമായി പരുക്കേറ്റ ബീനയെ ജീവനക്കാർ കസേരയിൽ ഇരുത്തി. തുടർന്നു ബാങ്ക് ജീവനക്കാരും എഎം റോഡിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസും ചേർന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടത്തും. അതിനു ശേഷം മങ്കുഴി  ഹോളി ഫാമിലി പള്ളിയിൽ സംസ്കാരം.

അന്തരികാവയവങ്ങൾക്കു സംഭവിച്ച മുറിവാണു പെട്ടെന്നുള്ള മരണത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനമെന്നു താലൂക്ക് ആശുപത്രിയിലെ ഡോ. ബിമൽ പറഞ്ഞു. വയറിലാണു കൂടുതൽ പരുക്ക്. ആന്തരികാവയവങ്ങൾക്കു ക്ഷതം സംഭവിച്ചതു മൂലമുള്ള രക്തനഷ്ടമാണു പെട്ടെന്നുള്ള മരണ കാരണം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിലേ വ്യക്തമാകുകയുള്ളൂ.

English Summary: The housewife died after glass chips pierced her body.

Related post